ഏർളി ബ്ലൈറ്റ്

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

ഏർളി ബ്ലൈറ്റ്

Alternaria solani

കുമിൾ


ചുരുക്കത്തിൽ

  • ഇലകളിലും, കുറഞ്ഞ അളവിൽ തണ്ടുകളിലും ഫലങ്ങളിലും ഏകകേന്ദ്രീകൃതമായ വളർച്ചയുള്ള ഇരുണ്ട പുള്ളിക്കുത്തുകളും മഞ്ഞ നിറമുള്ള വലയങ്ങളും ദൃശ്യമാകും.
  • ഫലങ്ങൾ അഴുകാൻ തുടങ്ങുകയും അവസാനം പൊഴിയുകയും ചെയ്യുന്നു.
  • കിഴങ്ങുകളിൽ തവിട്ടുനിറമുള്ള പാടുകളും അഴുകിയ പുള്ളികളും.

ആതിഥേയർ:

കാപ്സിക്കവും മുളകും

വഴുതന

തക്കാളി

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ചെടികളിലെ ഏർളി ബ്ലൈറ്റിൻ്റെ ലക്ഷണങ്ങൾ ചെടിയുടെ പഴയ ഇലപ്പടർപ്പുകളിലും, തണ്ടുകളിലും, ഫലങ്ങളിലും കാണപ്പെടുന്നു. ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള പുള്ളിക്കുത്തുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു, മാത്രമല്ല ഇത് ക്രമേണ ഏകകേന്ദ്രീകൃതമായി വ്യക്തമായ മധ്യഭാഗത്തിനുചുറ്റും വളരുന്നു- ഈ സവിശേഷ രൂപം "കാളകണ്ണ്" എന്നറിയപ്പെടുന്നു. ഈ ക്ഷതങ്ങൾ ഒരു തെളിഞ്ഞ മഞ്ഞ വലയത്താൽ ചുറ്റപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച്, എല്ലാ ഇലകളും വിളറി കൊഴിയും, ഇത് കാര്യമായ ഇലപൊഴിയലിലേക്ക് നയിക്കും. ഇലകൾ നശിച്ച് വീഴുമ്പോൾ, ഫലങ്ങൾ സൂര്യതാപത്താൽ വേവുന്നതിന് സാധ്യത കൂടുന്നു. വ്യക്തമായ മധ്യഭാഗത്തോടെ ഒരേ തരത്തിലുള്ള പുള്ളികൾ തണ്ടിലും ഫലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഫലങ്ങളുടെ അഴുകലും പിന്നീട് ചിലപ്പോൾ വീഴുകയും ചെയ്യുന്നു. കുഴിഞ്ഞ, ക്രമമല്ലാത്ത ക്ഷതങ്ങൾ കിഴങ്ങിൻ്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. ഈ ക്ഷതങ്ങളുടെ അടിയിൽ, കിഴങ്ങിലെ കലകൾ തവിട്ടുനിറമായി തുകൽ പോലെയോ കോർക്ക് പോലെയോ ആയി മാറുന്നു.

പ്രേരിപ്പിക്കുക

ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ ഇതര ആതിഥേയ വിളകളിലോ തണുപ്പുകാലം അതിജീവിക്കുന്ന ആൾട്ടർനേരിയ സൊളാനി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. വാങ്ങിയ വിത്തുകളോ തൈച്ചെടികളോ ചിലപ്പോൾ മുന്നേതന്നെ അണുബാധയേറ്റതായിരിക്കാം. താഴ്‌ഭാഗത്തെ ഇലകൾ അണുബാധയേറ്റ മണ്ണുമായി സമ്പർക്കത്തിൽ വന്നാൽ മിക്കവാറും ബാധിക്കപ്പെട്ടേക്കും. ഊഷ്മളമായ താപനിലയും (24-29°C) ഉയർന്ന ആർദ്രതയും (90%) രോഗവ്യാപനത്തിന് അനുകൂലമാണ്. ദീർഘകാലത്തെ നനവും (അല്ലെങ്കിൽ മാറിമാറി വരുന്ന നനഞ്ഞ/വരണ്ട കാലാവസ്ഥ) ബീജകോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നു, ഈ ബീജകോശങ്ങൾ കാറ്റ്, മഴത്തുള്ളികളുടെ തെറിക്കൽ, ചെടിക്കുമുകളിലൂടെയുള്ള ജലസേചനം എന്നിവയിലൂടെ വ്യാപിക്കുന്നു. പച്ചയായിരിക്കുമ്പോഴോ നനവുള്ള സാഹചര്യങ്ങളിലോ കിഴങ്ങുകൾ വിളവെടുക്കുമ്പോൾ ബാധിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും കനത്തമഴയുള്ള ദിവസങ്ങൾക്കുശേഷം ശ്രദ്ധയിൽപ്പെടാം മാത്രമല്ല ഉഷ്ണമേഖലാ മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും വിനാശകാരിയാണ്.

ജൈവ നിയന്ത്രണം

ചെറുകിട കൃഷിക്കാർക്ക് ബാധിക്കപ്പെട്ട ചെടികൾ പരിചരിക്കുന്നതിന് ആൽഗൽ ചുണ്ണാമ്പുകല്ല്, കൊഴുപ്പ് നീക്കിയ പാലിൻ്റെയും വെള്ളത്തിൻ്റെയും മിശ്രിതം (1:1) അല്ലെങ്കിൽ കല്ലുപൊടി എന്നിവ ഉപയോഗിക്കാം. 3 സ്പൂൺ സോഡ ബൈകാർബോണറ്റ് + 4 ലിറ്റർ വെള്ളത്തിൽ കലക്കിയ ഫിഷ് എമൽഷൻ എന്നിവയും സഹായിക്കും. ബാസില്ലസ് സബ്ടിലിസ് അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ അല്ലെങ്കിൽ കോപ്പർ അടിസ്ഥാനമാക്കിയ ജൈവിക കുമിള്നാശിനികൾ പ്രയോഗിക്കുന്നതും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഏർളി ബ്ലൈറ്റ് നിയന്ത്രിക്കാൻ നിരവധി കുമിള്നാശിനികൾ വിപണികളിൽ ലഭ്യമാണ്. അസോക്സിസ്ട്രോബിൻ, പൈറക്ളോസ്ട്രോബിൻ, ബോസ്‌കാലിഡ്, ക്ലൊറാത്തലോനിൽ, ഫെനമിഡോൺ, മനേബ്, മൻക്കോസെബ്, ട്രൈഫ്ലോക്‌സിസ്ട്രോബിൻ, സിറം എന്നിവ അടിസ്ഥാനമാക്കിയതോ അവയുടെ സംയോജിത മിശ്രിതമോ ആയ കുമിൾനാശികൾ ഉപയോഗിക്കാം. വിവിധ രാസ സംയുക്തങ്ങൾ മാറിമാറി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു. പരിചരണങ്ങൾ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് യഥാസമയം പ്രയോഗിക്കുക. സുരക്ഷിതമായി വിളവെടുക്കുന്നതിന്, വിളവെടുപ്പിനു മുൻപുള്ള ഇടവേള ശ്രദ്ധാപൂർവം പരിശോധിച്ച് ഇത്തരം ഉത്പന്നങ്ങൾ പ്രയോഗിക്കുക.

പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ രോഗാണു-വിമുക്തമായ വിത്തുകളോ നടീൽ വസ്തുക്കളോ ഉപയോഗിക്കുക.
  • രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • നീർവാർച്ച മെച്ചപ്പെടുത്തുന്നതിന് ഉയർത്തി ഒരുക്കിയ വിതനിലങ്ങളിൽ നടുകയോ പറിച്ചുനടുകയോ ചെയ്യുക.
  • കാറ്റിൻ്റെ ദിശയിൽ ചെടിയുടെ നിരകൾ ക്രമപ്പെടുത്തുക കൂടാതെ തണലുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.
  • മഴയ്ക്കോ ജലസേചനത്തിനോ ശേഷം ചെടികളുടെ ഇലവിതാനം വേഗം ഉണങ്ങത്തക്കവിധം ചെടികൾക്കിടയിൽ അകലം പാലിക്കുക.
  • മണ്ണിൽ പുതയിട്ട് ചെടികളും മണ്ണുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • രോഗലക്ഷങ്ങൾക്കായി കൃഷിയിടം നിരീക്ഷിക്കുക, പ്രത്യേകിച്ചും നനഞ്ഞ കാലാവസ്ഥകളിൽ.
  • മണ്ണിനോട് ചേർന്ന് നിൽക്കുന്ന അടിവശത്തെ ഇലകൾ നീക്കം ചെയ്യുക.
  • രോഗലക്ഷണങ്ങൾ ദൃശ്യമാകുന്ന ഇലകൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • ശരിയായ അളവിലുള്ള പോഷകങ്ങൾ ലഭ്യമാക്കി ചെടികൾ ആരോഗ്യമുള്ളതും ഓജസ്സുള്ളതുമായി പരിപാലിക്കുക.
  • ചെടികൾ നിവർന്നുനിൽക്കാൻ താങ്ങുകൾ ഉപയോഗിക്കുക.
  • ഇലകൾ നനയുന്നത് കുറക്കാൻ തുള്ളിനന രീതി ഉപയോഗിക്കുക.
  • ചെടികൾ രാവിലെ നനയ്ക്കുക, എന്തെന്നാൽ അതുമൂലം ചെടികൾ പകൽ സമയത്ത് ഉണങ്ങും.
  • കൃഷിയിടത്തിലും അതിനു ചുറ്റുമുള്ള സംശയിക്കപ്പെടുന്ന കളകൾ നിയന്ത്രിക്കുക.
  • ചെടികൾ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്നത് ഒഴിവാക്കുക.
  • വിളവെടുപ്പിനു ശേഷം, വിള അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കത്തിക്കുക (കമ്പോസ്റ്റിനായി ഉപയോഗിക്കരുത്).
  • മറ്റൊരുവിധത്തിൽ, വിള അവശിഷ്ടങ്ങൾ മണ്ണിൽ ആഴത്തിൽ ഉഴുതു മറിക്കുക (45 സെന്റിമീറ്ററിൽ കൂടുതൽ).
  • രോഗബാധ സംശയിക്കാതെ വിളകളുമായി രണ്ടോ മൂന്നോ വർഷത്തിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • നടാനുപയോഗിക്കുന്ന കിഴങ്ങുകൾ തണുത്ത താപനിലയിലും നല്ല വായൂ സഞ്ചാരമുള്ള പ്രദേശങ്ങളിലും സംഭരിക്കുക.